കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി.ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ പത്തിലെ സന്ദർശനത്തിൽ അദ്ദേഹം നേരിട്ടെത്തി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്.

ചെന്നൈ | കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി. 41 പേരുടെയും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകും. മുഖ്യമന്ത്രി ജോസഫ് വിജയ്നേരിട്ട് നിയമന ഉത്തരവുകൾ കൈമാറും. ഈ മാസം 10 ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കും.ദുരന്തത്തിൽ മരണപ്പെട്ട 41 പേരുടെ കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് വീതം സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 10-ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുമ്പോൾ ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും.

2025 സെപ്റ്റംബർ 27-നാണ് തമിഴക വെട്രി കഴകം (ടി.വി.കെ) കരൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ കടുത്ത തിക്കിലും തിരക്കിലും പെട്ടാണ് 41 പേർക്ക് ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ അനിയന്ത്രിതമായ ജനത്തിരക്കിൽ പെട്ടാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ പത്തിലെ സന്ദർശനത്തിൽ അദ്ദേഹം നേരിട്ടെത്തി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂർ സന്ദർശനമാണിത്. മുൻപ്, ദുരന്തം നടന്നതിന് പിന്നാലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് ഇരകളുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു.

കരൂർ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രാഷ്ട്രീയ വാക്പോരുകളും മുറുകുകയാണ്. ദുരന്തത്തിന് പിന്നിൽ മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ ചില വീഴ്ചകളാണെന്ന് ടി.വി.കെ ആരോപിക്കുമ്പോൾ, ദുരന്തത്തെ തുടർന്നുണ്ടായ ജനവികാരങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വിജയ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ കുറ്റപ്പെടുത്തി.

You might also like

-