കേരള കോണ്‍ഗ്രസിലെ കലാപം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുന്നതിനിടെ കോട്ടയത്ത് പിജെ ജോസഫിന്‍റെ കോലം കത്തിച്ചു.

പാ‍ർട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേർക്കുനേർ പോരാടിയിരുന്നു.

0

കോട്ടയം: കേരള കോണ്‍ഗ്രസിലെ കലാപം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുന്നതിനിടെ കോട്ടയത്ത് പിജെ ജോസഫിന്‍റെ കോലം കത്തിച്ചു. മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി അനുകൂല വിഭാഗം കോലം കത്തിച്ചത്.

പാ‍ർട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേർക്കുനേർ പോരാടിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് ജോസ് കെ മാണി ഇന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം – ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പറഞ്ഞു.

താല്ക്കാലിക ചെയർമാനാണെന്ന് കാണിച്ച് പി ജെ ജോസഫ് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കർശനനിലപാട് ജോസഫ് ആവർത്തിച്ചത്. ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ സ്ഥാനവും രാജ്യസഭാംഗത്വം നൽകി സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ജോസഫിന്‍റെ പ്രതിരോധം. യോജിപ്പോടെ മുന്നോട്ടുപോകാൻ സംസ്ഥാനകമ്മിറ്റി വിളിച്ച് ചർച്ചകൾ നടത്തണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും ജോസഫ് തള്ളി. സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കുവെന്നും പിജെ ജോസഫ് വ്യക്തമാക്കി.

പ്രതിസന്ധി സങ്കീർണ്ണമാകുന്നതിനിടെ സമവായചർച്ചകൾക്കുള്ള സാധ്യതക‌ൾ യുഡിഎഫിലെ ചില നേതാക്കൾ ആരായുന്നുണ്ട്. നേതാക്കൾക്കൊപ്പം അണികളും ചേരിതിരിഞ്ഞ് തെരുവിൽ പ്രകടനങ്ങൾ നടത്തുമ്പോൾ പാർട്ടി എത്രനാൾ ഒരുമിച്ച് പോകുമെന്ന ആശങ്കയിലാണ് ചിലർ. ഇതിനിടയിലാണ് ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.

You might also like

-