ബി ജെപി സമരപ്പന്തലിന് സമീപ തീ കൊളുത്തിയ ആൾമരിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു

0

തിരുവനന്തപുരം: ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.

ബി.എം.എസ് യൂണിയനില്‍ അംഗമായ വേണുഗോപാലന്‍ ആട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വര്‍ഷം വരെ ശബരിമല മണ്ഡലകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ അരവണ നിര്‍മ്മാണത്തിനും പോകുമായിരുന്നു.വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും സഹോദരി പുത്രന്‍ ബിനു  പറഞ്ഞു.