ശബരിമലയിൽ നിയന്ത്രങ്ങൾ നീക്കി ഹൈകോടതി

വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

0

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. . വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

ശബരിമലയിൽ രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കെ എസ് ആർ ടി സി ടൂ വേ ടിക്കറ്റ് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കലാകാരന്‍മാര്‍ക്ക് ശബരിമലയിൽ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു.ശിവമണിക്ക് നടപന്തലിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ്‌ വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ നിന്ന്പമ്പയിലേക്കും , തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാൻ തീർത്ഥാടകരെ കെഎസ്ആർടിസി നിർബന്ധിക്കരുത്. യാത്രക്കാർക്ക് ആവശ്യമുള്ള ടിക്കറ്റേ നൽകാവൂ. നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം. ശുചി മുറിയിൽ ഫ്ലഷിങ്ങ് സൗകര്യമുള്ള ടാങ്കുകൾ സ്ഥാപിക്കണം. നിലയ്ക്കലിൽ പൊലീസിന് എയർ കണ്ടീഷൻ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സമിതിയുടെ ശുപാർശയിലുണ്ട്.

അതെ സമയം ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ കളക്ടർ അന്തിമ തീരുമാനമെടുക്കുക.

നാലിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും വാവര് നട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേടുകൾ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയുള്ള നിയന്ത്രണങ്ങളും കോടതി എടുത്തു കളഞ്ഞിട്ടുണ്ട്