18 വയസ്സിന് താഴെയുള്ള പെൺകുട്ടിഭാര്യയായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി
പോക്സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരാണ് കുട്ടികൾ. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്, കുട്ടി പ്രതിയുടെ ഭാര്യയാണോ അല്ലയോ എന്നത് പരിഗണിക്കാതെ, പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളെക്കാൾ പോക്സോ നിയമത്തിന് മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി | 18 വയസ്സിന് താഴെയുള്ള പെൺകുട്ടിഭാര്യയായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി. പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 27കാരൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്.
പോക്സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരാണ് കുട്ടികൾ. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്, കുട്ടി പ്രതിയുടെ ഭാര്യയാണോ അല്ലയോ എന്നത് പരിഗണിക്കാതെ, പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളെക്കാൾ പോക്സോ നിയമത്തിന് മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയെ മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതിനാൽ കേസിലെ തുടർനടപടികൾ നിലനിൽക്കില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി വസ്ത്രങ്ങൾ വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് നാല് ദിവസം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെന്നും കേസിൽ പറയുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയ കോടതി, തുടർനടപടികൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ മുസ്ലിം മതാചാരപ്രകാരം വിവാഹം നടന്നിരുന്നെന്നും ഇക്കാര്യം പരാതിക്കാരി തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഇത്തരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം പോക്സോ നിയമപ്രകാരമുള്ള കുറ്റമല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇളവ് ചൂണ്ടിക്കാട്ടിയ വാദവും കോടതി തള്ളി. 2017ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ഈ ഇളവ് പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.