നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു,4,471 പേരെ കാണാനില്ല
പ്രളയത്തിൽ തകർന്ന ഹൈഡ്രോപവർ പദ്ധതികളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നേരത്തെ 933 ഹൈഡ്രോപവർ ജീവനക്കാരെ കാണാതായതായി കണക്കാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഇത് 639 ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കാണാതായവരിൽ 45 സൈനികരും 38 പൊലീസുകാരും 18 കസ്റ്റംസ്, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
കാഠ്മണ്ഡു| നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ.ചൈനയിലെ ടിബറ്റിൽ 16 പേരാണ് മരിച്ചത്. ഇതോടെ നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തിൽ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യ വീണ്ടും ഉയരുകയാണ്. നേപ്പാളിൽ മാത്രം 3,925 പേരെ കാണാതായതായാണ് ഏറ്റവും പുതിയ കണക്ക്. ഇതിൽ 592 പേർ വിദേശ പൗരന്മാരാണ്. ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ.
പ്രളയത്തിൽ തകർന്ന ഹൈഡ്രോപവർ പദ്ധതികളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നേരത്തെ 933 ഹൈഡ്രോപവർ ജീവനക്കാരെ കാണാതായതായി കണക്കാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഇത് 639 ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കാണാതായവരിൽ 45 സൈനികരും 38 പൊലീസുകാരും 18 കസ്റ്റംസ്, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ഇതിനിടെ നേപ്പാളിൽ നിന്ന് ഒഴുകിയെത്തുന്ന നദികളിൽ നിന്ന് 17 മൃതദേഹങ്ങൾ ഇന്ത്യയിലെ ഉത്തർപ്രദേശിൽ കണ്ടെടുത്തതായി അധികൃതർ അറിയിച്ചട്ടുണ്ട്. ഇത് നേപ്പാളിൽ ഉണ്ടായ പ്രളയത്തിൽ മരിച്ചവരുടേതാണെന്നാണ് സംശയിക്കുന്നത്. എന്നാൽ ഈ മൃതദേഹങ്ങൾ നിലവിലെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല.ചെളിയും മണ്ണും നിറഞ്ഞതിനെ തുടർന്ന് ഹൈഡ്രോപവർ പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയതായി സംശയിക്കുന്ന നിരവധി തൊഴിലാളികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. വിവിധ പദ്ധതികളിലായി 900ലധികം തൊഴിലാളികളെ ഇപ്പോഴും കാണാതായെന്നാണ് വിവരം. നേപ്പാളിൽ ഏകദേശം 65,000 പേർക്ക് അടിയന്തരമായി കുടിവെള്ളം, ശുചിത്വം, ആരോഗ്യ-ശുചിത്വ സംവിധാനങ്ങൾ എന്നിവ ആവശ്യമായി വരുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഗ്വിറോങ് മേഖലയിൽ മഴയും മോശം കാലാവസ്ഥയും തുടരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സമീപത്തെ തടാകത്തിലെ ജലനിരപ്പ് ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. പ്രളയബാധിത മേഖലയ്ക്ക് സമീപമുള്ള ഹിമാനികൾ തകർന്നുവീഴാനുള്ള സാധ്യതയും നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചു. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്
നേപ്പാളിലെ ബിദുർ മേഖലയിൽ ഒരു വീട്ടിൽനിന്ന് 24 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് ബിപിൻ റെഗ്മിയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെ ഇനിയും കൂടുതൽ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ വീണ്ടും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. മണ്ണിനടിയിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒന്ന് കുട്ടിയുടേതാണെന്നും ബാക്കിയുള്ളവ മുതിർന്നവരുടേതാണെന്നുമാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ആറ് മൃതദേഹങ്ങൾ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലേക്ക് മാറ്റിയതായും ബാക്കിയുള്ള മൃതദേഹങ്ങൾ നിലവിൽ പ്രദേശത്ത് സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
ആഗസ്റ്റ് 26ന് പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.