തലസ്ഥാനത്ത് കനത്ത മഴ നെയ്യാർ ഡാം തുറന്നു

നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0

തിരുവനന്തപുരം :കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഇതിനു പുറമെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരടി വീതം ആണ് ഉയര്‍ത്തിയത്. 83.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

അടുത്ത ആറ് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷമെത്തിയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ തുലാമഴ ശക്തിമായിട്ടുണ്ട്.

അരുവിക്കര ഡാമില്‍ പരമാവധി ജലനിരപ്പ് 46.6 ആണ്. നിലവില്‍ 46.58 മീറ്ററാണ് ജലനിരപ്പ്. നാലു ഷട്ടറുകളില്‍ ഒന്നു 90 സെന്റിമീറ്റര്‍ ഒന്നു 50 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിന്റെ പരമാവധി ജലനിരപ്പ് 108 മീറ്റര്‍ ആണ്. നിലവില്‍ 107.50 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നാലു ഷട്ടറുകളില്‍ ഒന്ന് 50 സെന്റിമീറ്റര്‍ തുറന്നു.

You might also like

-