ഗള്‍ഫ് മേഖലയിൽ യുദ്ധ സന്നാഹം , അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്

ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന ആക്രമണം തടയാനായി സൈന്യത്തെ വിന്യസിക്കാന്‍ അനുവദിക്കണമെന്ന അമേരിക്കന്‍ അഭ്യര്‍ഥന സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചതായി അറബ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.

0

റിയാദ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍, അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ് സല്‍മാന്‍.ഗള്‍ഫ് നേതാക്കളുടെയും അറബ് രാജ്യങ്ങളുടെയും രണ്ട് പ്രത്യേക ഉച്ചകോടികള്‍ മെയ് 30ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.പശ്ചിമേഷ്യന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും അറേബ്യന്‍ ഗള്‍ഫ് കടല്‍ മേഖലകളിലും അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

ഇറാനില്‍നിന്ന് ഉണ്ടായേക്കാവുന്ന ആക്രമണം തടയാനായി സൈന്യത്തെ വിന്യസിക്കാന്‍ അനുവദിക്കണമെന്ന അമേരിക്കന്‍ അഭ്യര്‍ഥന സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചതായി അറബ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. ഉഭയകക്ഷി ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇറാനില്‍നിന്ന് അയല്‍ രാജ്യങ്ങള്‍ക്കോ മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കോ എതിരെ ആക്രമണമോ സൈനിക ഭീഷണിയോ ഉണ്ടാകുന്നതു തടയാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അമേരിക്കന്‍–ഗള്‍ഫ് സൈന്യങ്ങളുടെ സഹകരണത്തിലൂടെ എണ്ണ വിതരണം സുരക്ഷിതമാക്കാനും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതില്‍നിന്ന് ഇറാനെ തടയാനുമാകും.
ഇറാനുമായി യുദ്ധം ആരംഭിക്കാന്‍ സൗദിയോ മറ്റു ഗള്‍ഫ് രാജ്യങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, നിരന്തരം പ്രകോപിപ്പിച്ച് പരിധി ലംഘിക്കരുതെന്ന സന്ദേശം ഇറാന് നല്‍കേണ്ടതുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാന്റെ ആക്രമണോത്സുക പെരുമാറ്റത്തിന്റെ പാശ്ചാത്തലത്തില്‍ മേഖലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി സൗദി അറിയിച്ചു.

ഇറാനുമായി സൗദി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ഏത് ആക്രമണത്തില്‍നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ സൗദിക്ക് കഴിയുമെന്നും ശര്‍ഖുല്‍ ഔസ്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ തീരത്ത് എണ്ണക്കപ്പലുകളും സൗദി അറേബ്യയില്‍ എണ്ണ പൈപ്പ് ലൈനുകളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം കനക്കുകയാണ്. നിലവില്‍ പല ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. പുതിയ മേഖലകളിലാകും സൈന്യത്തെ വിന്യസിപ്പിക്കുകയെന്നാണ് വിവരം. 12 മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലായി അമേരിക്കക്ക് 54,000 സൈനികര്‍ ഉണ്ട്.

You might also like

-