സ്വര്‍ണ വില 40,000 രൂപയിലേക്ക്

280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

0

 

റെക്കോഡ് കുറിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ദ്ധിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.

280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്.

കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് വിലവര്‍ധനവിന് പിന്നില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്നും പറയുന്നു.