രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചു

ക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും എക്‌സൈസ് തീരുവ കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും

0

ഡല്‍ഹി : രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയും കുറയ്‌ക്കാനുള്ള തീരുമാനമാണ് മോദി സർക്കാർ പ്രഖ്യാപിച്ചത് . ഇന്ധനവിലയിലെ കുറവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം . കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത് . എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും എക്‌സൈസ് തീരുവ കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും .

ഡീസലിനും പെട്രോളിനുമുള്ള എക്‌സൈസ് തീരുവ കുറയ്‌ക്കുന്നത് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്‌ക്കുകയും ചെയ്യുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധനനിരക്ക് വ്യത്യസ്തമാണ്.

രാജ്യത്ത് ഊര്‍ജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ഡൽഹിയിൽ നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ. കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുന്ന കാര്യം സംസ്ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബാലഗോപാൽ പറഞ്ഞു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

You might also like