ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്.

മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ.

0

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ. നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു.

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

2012ല്‍ മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2016ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയത് പരാതിക്കിടയാക്കി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയെത്തി.