മിന്നൽ പ്രളയം; നേപ്പാളിൽ മരണം 734 ആയി
ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി.
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലാ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ നേപ്പാളിൽ നിന്നുള്ളവരാണ്. 104 നേപ്പാൾ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്. 49 ഇന്ത്യക്കാർ, 33 ലാത്വിയൻ പൗരന്മാർ, 18 അമേരിക്കൻ പൗരന്മാർ, 15 ബ്രിട്ടീഷ് പൗരന്മാർ എന്നിവരെയും കാണാതായതായി അധികൃതർ അറിയിച്ചു. സംഭവവിവരം വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ചൈന അറിയിച്ചതായും അവർ വ്യക്തമാക്കി.
ഇതിനിടെ നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം.