പ്രസിദ്ധ സിനിമ നടൻ റിസബാവ അന്തരിച്ചു.

നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി

0

കൊച്ചി :പ്രസിദ്ധ നാടക സിനിമ, നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്‍റ്. സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. കര്‍മ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും റിസബാവക്ക് ലഭിച്ചു.

You might also like

-