എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്റ്റൈഫന്റോടുകൂടി ഗ്രാമ പഞ്ചായത്തുകളിൽ പരിശീലനം

വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിനൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിലും ഇവരെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

0

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് സ്റ്റൈഫന്റോടുകൂടി തൊഴിൽ പരിശീലനം നല്കാൻ തീരുമാനം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും.വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിനൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിലും ഇവരെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി.

സംസ്ഥാന സർക്കാർ തയ്യാറാക്കിയിരിക്കുന്ന പരിശീലന പരിപാടിയിലേക്ക് കോഴ്സുകൾ പൂർത്തിയാക്കുന്ന ആർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയും പ്രതിമാസം ലഭിക്കും. ഒരു വർഷത്തേക്കാണ് പരിശീലന പരിപാടി. എല്ലാ പഞ്ചായത്തുകളിലും എൻജിനീയറിങ് വിദ്യാർത്ഥികളുടെ പരിശീലന പരിപാടിക്കായി ഒരു നോഡൽ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ട്. അസിസ്റ്റൻറ് പഞ്ചായത്ത് ഡയറക്ടർമാർ ആയിരിക്കും ഓരോ ജില്ലയിലെയും നോഡൽ ഓഫീസർമാർ. ഇവർ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടക്കുന്ന പരിശീലന പരിപാടികൾ ഏകോപിപ്പിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഏതൊക്കെ പദ്ധതികളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം, എങ്ങനെയൊക്കെയാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ അനുബന്ധ സ്ഥാപനങ്ങളായ ശുചിത്വമിഷൻ, തൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ലൈഫ് മിഷൻ ,ഹരിത കേരളം, അമൃത് പദ്ധതി ഇവയിലെല്ലാം പരിശീലനങ്ങൾ നേടാൻവിദ്യാർത്ഥികൾക്ക് അവസരം ഉണ്ടാകും.

You might also like

-