യുദ്ധഭൂമിയിൽ നിന്നും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

ഹാർകീവിൽ റഷ്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രകാരംനഗാനങ്ങളെക്കാൾ കൂടുതൽ തീവ്രത കൂടിയ അകാരാമനാണ് റഷ്യ നടത്താൻ സാധ്യത ഉണ്ടെന്നും ആയതിനാൽ ഈ പ്രദേശത്തുനിന്നും ഉടൻ ഒഴിഞ്ഞു പോകണമെന്നുമാണ് എംബസിയുടെ കർശന നിർദേശം . രക്ഷപെടുന്നതിനായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് .

0

ഡൽഹി | റഷ്യ – ഉക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് .യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് കർശനമുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും രംഗത്തെത്തിയിട്ടുള്ളത് . ഹാർകീവിൽ റഷ്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രകാരംനഗാനങ്ങളെക്കാൾ കൂടുതൽ തീവ്രത കൂടിയ അകാരാമനാണ് റഷ്യ നടത്താൻ സാധ്യത ഉണ്ടെന്നും ആയതിനാൽ ഈ പ്രദേശത്തുനിന്നും ഉടൻ ഒഴിഞ്ഞു പോകണമെന്നുമാണ് എംബസിയുടെ കർശന നിർദേശം . രക്ഷപെടുന്നതിനായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് . എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആർട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.

എംബസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ :

# കൃത്യമായി നിങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ പൗരൻമാർക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവർക്കൊപ്പം സഞ്ചരിക്കുക
# പരിഭ്രാന്തരാകരുത്, മാനസികസംഘ‍ർഷത്തിലാകരുത്
# ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തിൽ പത്ത് വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുക.
# നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
# വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇന്ത്യയിലെ കോണ്ടാക്ട് നമ്പർ, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷൻ, ദില്ലിയിലെയോ അതിർത്തി രാജ്യങ്ങളിലെയോ എംബസി കൺട്രോൾ റൂം നമ്പറുകൾ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും വിവരം പുതുക്കാൻ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേർ ഒപ്പമുണ്ടെന്ന് കോർഡിനേറ്റർ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ കൺട്രോൾ റൂം/ ഹെൽപ് ലൈൻ നമ്പറുകളിൽ അറിയിക്കുക.
# എംബസി/ കൺട്രോൾ റൂം/ പ്രാദേശിക അധികൃതർ എന്നിവരുമായി കോർഡിനേറ്റർ മാത്രം സംസാരിക്കുക.
# ഫോണിലെ ബാറ്ററികൾ പരമാവധി സേവ് ചെയ്യുക.

മുൻകരുതൽ ശ്രദ്ധിക്കേണ്ടത്:

# അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യിൽ കരുതുക
# പാസ്പോർട്ട്, ഐഡി കാർഡ്, അവശ്യമരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ, ടോർച്ച്, തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരികൾ, പണം, കഴിക്കാൻ എനർജി ബാറുകൾ, പവർ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്‍ഡ് കിറ്റ്, ഹെഡ് ഗിയർ, മഫ്ളർ, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റിൽ വേണം.
# പരമാവധി വെള്ളവും ഭക്ഷണവും കരുതുക, പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളിൽ കഴിക്കുക. ഇത് ഉടൻ വിശക്കാതിരിക്കാൻ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളിൽ പറ്റുമെങ്കിൽ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക.
# വലിയ ഗാർബേജ് ബാഗ് കയ്യിൽ കരുതുക. നിലത്ത് വിരിക്കാനോ, മഴയിൽ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും.
# അസുഖബാധിതരാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ ഉടനടി എമർജൻസി ഹെൽപ് ലൈൻ/കൺട്രോൾ റൂം നമ്പറുകളിൽ വിളിക്കുക.
# മൊബൈലിലെ അനാവശ്യ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുക. ബാറ്ററി സേവ് ചെയ്യുക. പരമാവധി സംസാരം കുറയ്ക്കുക.
# സുരക്ഷിതമായ ബങ്കറുകളിലോ സേഫ് സോണിലോ, ബേസ്മെന്‍റുകളിലോ പരമാവധി കഴിയാൻ ശ്രമിക്കുക.
# തെരുവിലാണെങ്കിൽ റോഡിന് നടുവിലൂടെ നടക്കരുത്. കെട്ടിടങ്ങളുടെ മറവിൽ നടക്കുക. പരമാവധി കുനിഞ്ഞ് നടക്കുക. സിറ്റി സെന്‍ററുകൾ ഒഴിവാക്കുക. ഡൗൺ ടൗൺ പ്രദേശങ്ങൾ ഒഴിവാക്കുക. സ്ട്രീറ്റ് കോർണറുകൾ കടക്കുമ്പോൾ പരമാവധി ശ്രദ്ധിക്കുക.
# സംഘങ്ങളായി സ‌ഞ്ചരിക്കുമ്പോൾ പരമാവധി വെള്ള വസ്ത്രം കരുതുക – ആവശ്യമെങ്കിൽ വീശിക്കാണിക്കുക.
# റഷ്യനിൽ സംസാരിക്കാൻ അത്യാവശ്യം പഠിക്കുക. ഉദാഹരണം – യാ സ്റ്റുഡന്‍റ് ഇസ് ഇൻഡി (ഞാൻ ഇന്ത്യൻ വിദ്യാർത്ഥിയാണ്), യാ നീകോംബറ്റന്‍റ് (ഞാൻ നിരായുധനാ/യാണ്), പൊഴാലുസ്ത പൊമോജിത് മിൻ (എന്നെ സഹായിക്കൂ) എന്നീ വാചകങ്ങൾ പഠിക്കണം.
# യാത്ര ചെയ്യാതിരിക്കുമ്പോൾ പരമാവധി നീട്ടി ശ്വാസമെടുക്കുക. കൈകാലുകൾ അനക്കുക. രക്തചംക്രമണം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
# അവശ്യകിറ്റിന് പുറമേ അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുക്കുക. ദൂരയാത്ര വേണ്ടി വരുന്നതിനാൽ ചെറുബാഗുകൾ അഭികാമ്യം.
# അടിയന്തരസാഹചര്യം വന്നാൽ ഉടനടി നിലവിലുള്ള ഇടത്ത് നിന്ന് മാറാൻ തയ്യാറായിരിക്കുക.
# മിലിട്ടറി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞാൽ അവർ പറയുന്നത് അനുസരിക്കുക. കൈയുയർത്തി അവരുടെ അടുത്തേക്ക് നടന്നെത്തുക.
# പരമാവധി മര്യാദയോടെ മാത്രം അവരോച് പെരുമാറുക. അവർക്ക് വേണ്ട വിവരം നൽകുക. അടിയന്തര ഇടപെടൽ വേണ്ടി വന്നാൽ കൺട്രോൾ റൂമിലോ ഹെൽപ് ലൈനിലോ വിളിക്കുക.
# കൺട്രോൾ റൂമും ഹെൽപ് ലൈനും നിർദേശിക്കുന്നതിനനുസരിച്ച് കൃത്യമായി മാത്രം അതിർത്തികളിലേക്ക് യാത്ര ചെയ്യുക.

അതേസമയം യുക്രൈനിൽ നിന്നും 420 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. രണ്ട് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. 18420 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈൻ വിട്ടത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നത്. സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

-

You might also like

-