ലൈംഗിക ആരോപണ വിധേയനായ ശശിക്കൊപ്പം വേദി പങ്കിടില്ല :എം ടി വാസുദേവന്‍ നായര്‍

ലൈംഗിക പീഡന പരാതി ഉന്നയിച്ച പി കെ ശശി എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പിന്മാറി

0

പാലക്കാട് :ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക ലൈംഗിക പീഡന പരാതി ഉന്നയിച്ച പി കെ ശശി എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പിന്മാറി. സംസ്ഥാന സര്‍ക്കാരിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് എംടി പിന്മാറിയത്. ആരോപണ വിധേയനായ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പീഡന ആരോപണ വിധേയനൊപ്പം വേദി പങ്കിടുന്നതിനെതിരെ എംടിക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊടുന്നനേയുള്ള പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. പികെ ശശിയാണ് പരിപാടിയുടെ അധ്യക്ഷന്‍. സര്‍ഗ വിദ്യാലയത്തിന്റെ ഉദ്ഘാടനം എംടിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കില്ലെന്ന അദേഹം പരിപാടിയുടെ സംഘാടകരെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചിട്ടുള്ളത്.