ദേശീയ പൗരത്വ ഭേദഗതിനിയമം കേരളം ഒറ്റകെട്ടായി എതിർക്കും മുഖ്യമന്ത്രി

ഈ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനന്തപുരം :ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത സത്യാഗ്രഹം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വൈദേശിക ശക്തികള്‍ക്കെതിരായി കൈ മൈയ് മറന്ന് പോരാടിയ നാടാണിത്. കുഞ്ഞാലിമരയ്ക്കാറും പഴശി രാജാവും പൊരുതിയ ചരിത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യമാണ് ഏതൊരു മനുഷ്യനും വിലമതിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നേടിയെടുക്കാന്‍ രാജ്യത്ത് ദീര്‍ഘകാല സമരമാണ് നടന്നത്. സ്വാതന്ത്ര്യത്തിനായി നിരവധി ജീവത്യാഗങ്ങളുണ്ടായി. അത്തരത്തിലുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ നടപടി. രാജ്യത്തെങ്ങും സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ്.

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും വിവിധ നേതാക്കളും പങ്കെടുക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വേദിയില്‍ അണിനിരക്കുന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കും.

You might also like

-