പള്ളിയിൽ ആരാധനയിൽ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് ; 180 പേര്‍ ക്വാറന്റീനില്‍

ആരാധനയ്ക്കായി കൂടി വരുന്നവരുടെ എണ്ണം എത്രയായിരുന്നാലും കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

0

കലിഫോര്‍ണിയ :കലിഫോര്‍ണിയായിലെ 500 ല്‍ പരം പാസ്റ്റര്‍മാര്‍ യോഗം ചേര്‍ന്ന് മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്ന് ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ, ബട്ട് കൗണ്ടിയിലെ ചര്‍ച്ച് ആരാധനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് അവിടെ പങ്കെടുത്ത ഇരുനൂറിനോടടുത്ത ആളുകളോട് സ്വയം ക്വാറന്റീനില്‍ പോകണമെന്ന് ബട്ട് കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. മെയ് 15 വെള്ളിയാഴ്ചയാണ് കൗണ്ടി ഈ നിര്‍ദേശം നല്‍കിയത്.

പള്ളികള്‍ തിരക്കു പിടിച്ചു തുറക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ആരാധനയ്ക്കായി കൂടി വരുന്നവരുടെ എണ്ണം എത്രയായിരുന്നാലും കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസാരംഭത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കലിഫോര്‍ണിയ ഗവര്‍ണര്‍ ചര്‍ച്ച് അസംബ്ലികള്‍ തടഞ്ഞു കൊണ്ടു ഉത്തരവിട്ടത് ശരിയാണെന്ന് ഫെഡറല്‍ ജഡ്ജി പുതിയൊരു ഉത്തരവിലൂടെ വ്യക്തമാക്കി.മേയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ച പാസ്റ്റര്‍മാര്‍ തന്നെ, ഫെഡറല്‍ ഗവണ്‍മെന്റിന്റേയും സിഡിസി ഗൈഡ് ലൈന്‍സിന്റേയും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും എന്നാല്‍ കലിഫോര്‍ണിയ ഗവര്‍ണറുടെ സ്റ്റെ അറ്റ് ഹോം നീട്ടികൊണ്ടു പോകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.