എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാനെതിരെ ഉപരോധം ഏര്‍പെടുത്താന്‍ ബ്രിട്ടന്റെ നീക്കം

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. ഇതിന് മറുപടിയായി സൌദിയലേക്ക് പോയ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാനും പിടികൂടി.

0

എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാനെതിരെ ഉപരോധം ഏര്‍പെടുത്താന്‍ ബ്രിട്ടന്റെ നീക്കം. തുടര്‍നടപടികള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയ് അടിയന്തിര യോഗം വിളിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, ഒമാൻ എന്നീ രാജ്യങ്ങൾ ഇറാൻ നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്. എന്നാല്‍ കപ്പലുകള്‍ പരസ്പരം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ബ്രിട്ടനും ഇറാനും ഇപ്പോഴും പ്രതികരിച്ചിട്ടില്ല.

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. ഇതിന് മറുപടിയായി സൌദിയലേക്ക് പോയ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാനും പിടികൂടി. മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചെന്നാരോപിച്ചായിരുന്നു ഇറാൻ റെവലൂഷണറി ഗാര്‍ഡ് കപ്പൽ പിടിച്ചത്. ഇതിന് മറുപടിയായി ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. ലണ്ടനിലെ ഇറാന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിവരങ്ങള്‍ തേടി. എന്നാല്‍ ഏതുതരം നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ ബ്രിട്ടനുള്ളിൽ കടുത്ത ഭിന്നതയുണ്ട്. രാഷ്ട്രീയ, നയതന്ത്ര നീക്കമല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യൻ യൂനിയനിലെ ഭുരിഭാഗം രാജ്യങ്ങളുടെയും വാദം. ഉപരോധം ഏര്‍പെടുത്തിയാല്‍ 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ കരാർ ദുർബലപ്പെടും. ധൃതിപിടിച്ച നീക്കം പാടില്ലെന്ന് ജർമനിയും ഫ്രാൻസും ആവശ്യപ്പട്ടിട്ടുണ്ട്.

അമേരിക്കയാണ് ബ്രിട്ടനെ തെറ്റായ നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് ഇറാൻ വിമര്‍ശനം. ജിബ്രാൾട്ടറിൽ തങ്ങളുടെ എണ്ണ കപ്പൽ പിടിച്ചെടുത്ത ബ്രിട്ടീഷ് സൈനിക നടപടി യു.എസ്
പ്രേരണയിലാണ്. ഈ കപ്പൽ വിട്ടുതരാതെ ബ്രിട്ടന്റെ കപ്പൽ കൈമാറില്ലെന്നും ഇറാന്‍ മധ്യസ്തരെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കപ്പലുകളെ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ബ്രിട്ടനും ഇറാനും ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല.