“സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല” ആവ൪ത്തിച്ച് വി.മുരളീധരന്‍

നയതന്ത്ര ബാഗേജിലാണ് സ്വ൪ണം കടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയം പാ൪ലമെന്‍റില്‍ പ്രസ്താവന ഇറക്കിയതോടെയാണ് കേന്ദ്രത്തിൽ രണ്ടഭിപ്രായമുണ്ടെന്ന വിമ൪ശം വീണ്ടും ഉയ൪ന്നത്

0

ഡൽഹി :സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് ആവ൪ത്തിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ധനകാര്യമന്ത്രാലയം നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയതെന്ന് ലോക്സഭയിൽ നടത്തിയ പ്രസ്താവനയും തന്‍റെ പ്രസ്താവനയും തമ്മിൽ പൊരുത്തക്കേടില്ല. നയതന്ത്ര ബാഗാണെന്ന വ്യാജേന സ്വ൪ണം കടത്താൻ ശ്രമിച്ചുവെന്നാണ് രണ്ട് പ്രസ്താവനയിലുള്ളതെന്നും വി.മുരളീധരൻ വ്യക്തമാക്കി.സ്വ൪ണം കടത്തിയ ബാഗ് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയാണ് ഏറെ വിവാദമായത്. നയതന്ത്ര ബാഗേജിലാണ് സ്വ൪ണം കടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയം പാ൪ലമെന്‍റില്‍ പ്രസ്താവന ഇറക്കിയതോടെയാണ് കേന്ദ്രത്തിൽ രണ്ടഭിപ്രായമുണ്ടെന്ന വിമ൪ശം വീണ്ടും ഉയ൪ന്നത്. എന്നാൽ തന്‍റെ പ്രസ്താവനക്ക് വിരുദ്ധമായി ഒന്നും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിലില്ലെന്നാണ് വി മുരളീധരന്‍റെ വാദം. ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്ന് എഴുതി വെച്ച് സ്വ൪ണം കടത്താനാണ് പ്രതികൾ ശ്രമിച്ചത്. നയതന്ത്ര ബാഗേജ് ആണെന്ന വ്യാജേനയാണ് സ്വ൪ണം കടത്താൻ ശ്രമിച്ചുവെന്നാണ് താൻ പറഞ്ഞത്.

യഥാ൪ത്ഥത്തിൽ അത് നയതന്ത്ര ബാഗേജ് ആയിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ പ്രശ്നം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി പ്രശ്നം ആകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രാലയത്തിന്‍റെ വിശദീകരണം വന്നതോടെ സത്യപ്രതിജ്ഞ ലംഘനമാണ് വി.മുരളീധരൻ നടത്തുന്നതെന്ന് സി.പി.എം ആരോപിച്ചിരുന്നു. മന്ത്രി സ്ഥാനത്തിരിക്കാൻ അ൪ഹതയില്ലെന്നും സിപിഎം നിലപാടെടുത്തു. മന്ത്രി വി. മുരളീധരന്‍റെ വിശദീകരണങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും വിമ൪ശിച്ചിരുന്നു.