ടാറ്റ നിർമിച്ച കോവിഡ് ആസ്പത്രി നാടിന് സമർപ്പിച്ചു ; കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി നൽകു

കോവിഡ് വ്യാപനത്തിന്റ മൂർധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തത്

0

കാസർകോട് /പൊയിനാച്ചി: കോവിഡ് നിരീക്ഷണത്തിനും ഐസോലേഷനുമായി ടാറ്റ ഗ്രൂപ്പ് തെക്കിൽഗ്രാമത്തിൽ 60 കോടി രൂപ ചെലവിൽ നിർമിച്ച 541 കിടക്കകളുള്ള കോവിഡ് ആസ്പത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനിലൂടെയാണ് അദ്ദേഹം കൈമാറ്റച്ചടങ്ങ് നടത്തിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാസൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സർക്കാരിന് നിർമിച്ച് നൽകിയ കോവിഡ് ആസ്പത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ നാടിന് പ്രയോജനപ്പെടുത്താം എന്നതിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്താദ്യമായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്‌.ആർ.) പ്രവർത്തനം ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അംഗീകരിച്ചതും രാജ്യം നിയമമാക്കിയതും.

കോവിഡ് വ്യാപനത്തിന്റ മൂർധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തത്. കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആസ്പത്രി ജില്ലയിൽതന്നെ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകിയത്. പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാൻ താത്‌പര്യം കാണിച്ച ടാറ്റാ ഗ്രൂപ്പിനോടും ചെയർമാൻ രത്തൻ ടാറ്റയോടും സർക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡിയിൽനിന്ന് കാസർകോട് കളക്ടർ ഡോ. ഡി. സജിത്ത് ബാബു ആസ്പത്രിയുടെ താക്കോൽ ഏറ്റുവാങ്ങി. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് ഭരണവിഭാഗം മേധാവി പി.എൽ. ആൻറണി, ഗണേഷ് രാജു എന്നിവരടക്കം ടാറ്റയുടെ 20 ഉദ്യോഗസ്ഥരെയും ആസ്പത്രി നിർമാണത്തിൽ സഹകരിച്ച സംഘടനകളെയും വ്യക്തികളെയും യോഗത്തിൽ ആദരിച്ചു. മന്ത്രി കെ.കെ. ശൈലജ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., കെ. കുഞ്ഞിരാമൻ എം.എൽ.എ., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ.ജി.സി. ബഷീർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഡോ. എ.വി. രാമദാസ് എന്നിവർ സംസാരിച്ചു.

You might also like

-