വടക്കാഞ്ചേരി ഫ്ലാറ്റിൽ സി ബി ഐ പരിശോധന

.ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തുവെന്നാണ് സൂചന

0

തൃശ്ശൂർ: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഊർജിതപ്പെടുത്തി. വടക്കാഞ്ചേരി നഗരസഭയിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു. സിബിഐയുടെ കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തത്. നഗരസഭാ ഓഫീസിലെ സിബിഐയുടെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തുവെന്നാണ് സൂചന. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും പല ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. പണിനിര്‍ത്തിവെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി.

കഴിഞ്ഞ ആറ് മാസമായി യുഎഇ കോണ്‍സുലേറ്റുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ല അതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടായി എന്നാണ് യൂണിടാക് കമ്പനി കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതേസമയം സിബിഐ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി നിര്‍ദേശിച്ചതായാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്നൂറോളം തൊഴിലാളികളാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സിബിഐ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അറിഞ്ഞതിനുശേഷം മാത്രമാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക എന്നാണ് വിവരം.