സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു പൊതുപരിപാടികളിൽ 200 പേർ മാത്രം

ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുവരെ മാത്രമാകും. ഹോട്ടലുകളില്‍ പരമാവധി 50ശതമാനം പേരെ പ്രവേശിപ്പിക്കാനും പാഴ്സലുകൾ നൽകാനും നിർദേശമുണ്ട്

0

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്നു  സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പൊതുപരിപാടികളിൽ 200 പേർക്കാണ് പ്രവേശനമുള്ളത്. അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേരെ മാത്രമെ അനുവദിക്കൂ. രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും.ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുവരെ മാത്രമാകും. ഹോട്ടലുകളില്‍ പരമാവധി 50ശതമാനം പേരെ പ്രവേശിപ്പിക്കാനും പാഴ്സലുകൾ നൽകാനും നിർദേശമുണ്ട്. വിവാഹങ്ങളിൽ പാക്കറ്റ് ഫുഡ് വിതരണം ചെയ്യണം. ടെലി മെഡിസിന് മുൻഗണന നൽകാനും നിര്‍ദേശമുണ്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍മാകും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മാത്രമെ കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍. എന്നുമുതലാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന കാര്യത്തില്‍ ഉത്തരവ് പുറത്തുവരുന്നതോടെ വ്യക്തത കൈവരും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.