ആറു പേർക്ക് പുതുജീവനേകി അനി യാത്രയായി
തൊടുപുഴയിലെ സ്മിത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ(തിങ്കൾ) വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
തൊടുപുഴ |ഇടുക്കി ചുരുളി സ്വദേശിയായ ചാക്കോ മൈക്കിൾ (അനി-41) തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും മറ്റുള്ളവർക്ക് പ്രത്യാശയായി മാറി. അപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ചെങ്കിലും, അദ്ദേഹത്തിന്റെ അവയവദാനം 6 പേർക്കാണ് പുതുജീവൻ നൽകുന്നത്.
മൂവാറ്റുപുഴയിലെ ബാറിലെ ജീവനക്കാരനായിരുന്ന അനി കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൊടുപുഴയിലെ സ്മിത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ(തിങ്കൾ) വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ജീവിതത്തിലേക്ക് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ, വേദനയ്ക്കിടയിലും അനിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
രണ്ട് കണ്ണുകൾ, രണ്ട് വൃക്കകൾ, ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകൾ എന്നിവയാണ് ദാനം ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അനിയുടെ ഒരു വൃക്ക ആലപ്പുഴ കാട്ടൂർ സ്വദേശിയായ 58-കാരന് പുതുജീവനായി.
അനിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്(ചൊവ്വ) രാവിലെ ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടന്നു.