കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിൽക്കണം. അത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

0

ഡൽഹി :കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കോവിഡിനെ നേരിടാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷി യോഗത്തിൽ പറഞ്ഞു.ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേതൃത്വം നൽകുന്നത്. ഇന്നലെ ലഫ്. ഗവർണർ, മുഖ്യമന്ത്രി, മേയർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് സർവകക്ഷി യോഗം വിളിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിൽക്കണം. അത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടില്‍ നിന്നും നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ നിന്നും ഡല്‍ഹി ഉടന്‍ കരകയറും. ഡല്‍ഹിയില്‍ കൊറോണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ യോഗത്തില്‍ അമിത് ഷാ പ്രശംസിച്ചു. വ്യാപനം തടയുന്നതിനായുള്ള ആശയങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞിട്ടുണ്ട്.

പരിശോധന തുക 50 ശതമാനം കുറയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കണമെനായിരുന്നു കോണ്‍ഗ്രസ് ആവശ്യം. 450 രൂപ ചെലവ് വരുന്ന പരിശോധന ഉടന്‍ ലഭ്യമാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

യോഗ ശേഷം ഏറെ പരാതികൾ ഉയർന്ന കോവിഡ് ആശുപത്രിയായ എല്‍.എന്‍.ജെ.പി അമിത് ഷാ സന്ദർശിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ നിലവിലുള്ള മോര്‍ച്ചറികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശോധനാ ശേഷി വര്‍ധിപ്പിക്കണമെന്നും ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും ലാബുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 500 ഐസലേഷന്‍ കോച്ചുകള്‍ ഡല്‍ഹിക്ക് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇന്ന് സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തില്‍ ആംആദ്മിയെ പ്രതിനിധീകരിച്ച് എംഎല്‍എ സജ്ഞയ് സിംഗ് പങ്കെടുത്തത്. കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി നേതാക്കളും ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.