പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍:വിമാനടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കാണ് ഉയര്‍ന്നത്.

0

തിരുവനന്തപുരം: ഗള്‍ഫ് മേഖലകളിലെ അവധിക്കാലം അവസാനിച്ചതോടെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കാണ് ഉയര്‍ന്നത്.

ദുബായ്, ഷാര്‍ജ, റിയാദ്, ദോഹ, ദമ്മാം, അബൂദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായി യാത്രക്കാര്‍ പറയുന്നു. നേരത്തെ 5000 രൂപമുതല്‍ 12000 രൂപ വരെയായിരുന്ന നിരത്ത് ഇപ്പോള്‍ 25000 മുതല്‍ 92000 വരെയായി ഉയര്‍ന്നു. ഇതോടെ പലരും കടുത്ത സാമ്പത്തിക പ്രശ്നത്തിലായി. ടിക്കറ്റ് എടുക്കുന്നത് വൈകിയവര്‍ക്കാണ് കടുത്ത തിരിച്ചടിയായത്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലെന്നും തിരക്ക് വര്‍ധിച്ചതോടെയാണ് നിരക്ക് കൂട്ടിയതെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.

തിരക്കേറിയ സീസണില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ പ്രവാസികളെ പരമാവധി ചൂഷണം ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.