തിരുവനന്തപുരം മലയിൻകീഴിൽഒരുവയസുള്ള മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ക്രിസ്റ്റിയുടെ പദ്ധതി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റയിൽ ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം
തിരുവനന്തപുരം |മലയിൻകീഴിൽ ഒരുവയസുള്ള സ്വന്തം മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത് നാലാം വിവാഹ വാർഷിക ദിനത്തിൽ. വിളവൂർക്കൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള മകൾ അന്നയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ക്രിസ്റ്റിയുടെ പദ്ധതി.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റയിൽ ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം മുറിയിൽ കയറി വാതിലടച്ച് ഉറങ്ങാൻ കിടന്ന ക്രിസ്റ്റിയെയും കുഞ്ഞിനെയും ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് അഭിജിത്തിന്റെ കുഞ്ഞമ്മ ജസീന്ത വാതിലിൽ തട്ടുകയായിരുന്നു. വാതിൽ തുറന്ന ജസീന്ത കണ്ടത്, തറയിൽ അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെയാണ്. എന്തുപറ്റിയെന്ന് ജസീന്ത ചോദിച്ചപ്പോൾ ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു’ എന്ന് ക്രിസ്റ്റി പറയുകയായിരുന്നു.
തറയിൽ അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെയുമെടുത്ത് ജസീന്ത പുറത്തേക്ക് ഓടി നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻതന്നെ കുട്ടിയെ വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറച്ചുനാളുകളായി സ്വന്തം വീട്ടിലായിരുന്ന ക്രിസ്റ്റി കഴിഞ്ഞദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയത്. ക്രിസ്റ്റിയോടുള്ള ഭർത്താവ് അഭിജിത്തിന്റെ സംശയവും ഇതിനെത്തുടർന്നുണ്ടായ ദാമ്പത്യപ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സൂചിപ്പിക്കുന്നു. വീട്ടിൽ വളർത്തുനായ്ക്കൾ ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ പോലീസിന് അകത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കളെത്തി നായ്ക്കളെ മാറ്റിയ ശേഷമാണ് പോലീസ് പരിശോധന നടത്തിയത്.