പിടി സെവനെ മയക്കുവെടിവെച്ചു പിടികൂടി

45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. അതിനുള്ളിൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടി 7നെ ലോറിയിൽ കയറ്റണോ രണ്ടാമതൊരു മയക്കുവെടി കൂടി വയ്ക്കണോ എന്ന കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു

0

പാലക്കാട് | പാലക്കാട്ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.

ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് തിരിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. അതിനുള്ളിൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടി 7നെ ലോറിയിൽ കയറ്റണോ രണ്ടാമതൊരു മയക്കുവെടി കൂടി വയ്ക്കണോ എന്ന കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

You might also like

-