ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സർക്കാർ നീക്കം

ഇന്നും നാളെയും നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം ഉണ്ടാവുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം

0

തിരുവനന്തപുരം | യൂണിവേഴ്സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സിപിഎം നീക്കം. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്കു ശേഷം തീരുമാനിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ വിവാദം അവസാനിപ്പിക്കാനും സെക്രട്ടേറിയറ്റിൽ ധാരണയായി.ചാൻസലർ പദവിയാണ് ഗവർണറുടെ അമിതാധികാര പ്രവണതയ്ക്ക് കരുത്ത് നൽകുന്നതെന്നാണ് സിപിഎം വിലയിരുത്തൽ. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമം വേണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് ആലോചന. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന തോന്നലുള്ളതിനാൽ ബിൽ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.

ഇന്നും നാളെയും നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം ഉണ്ടാവുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം. പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചിരുന്നു.എങ്കിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും വിമർശനം ഉയരാനാണ് സാധ്യത. സാംസ്കാരിക മേഖലയിൽ സംഘപരിവാറിൻ്റെ കടന്നുകയറ്റം തടയാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക രേഖയ്ക്കും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും

You might also like

-