“ഇത് മൂന്നാം തരംഗം”രോഗം കാട്ടുതീ പോലെ പടരും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷേ ഒമിക്രോൺ അവഗണിക്കാം എന്നല്ല അതിനർത്ഥം. ഒമിക്രോണുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡെൽറ്റയെക്കാൾ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്

0

തിരുവനന്തപുരം | സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊറോണ തീവ്ര വ്യാപനത്തെ രാഷ്‌ട്രീയ, കക്ഷിഭേദമന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിൽ നിന്നും രണ്ടാം തരംഗത്തിൽ നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നവർ കുറവാണ്. ഒമിക്രോൺ വന്നു പൊയ്‌ക്കോട്ടെ എന്ന് കരുതരുതെന്നും വീണ ജോർജ്ജ് പറഞ്ഞു.

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.

ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് ലഭ്യമായ സർക്കാർ, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്‍റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെടുന്നു. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഐസിയുകളും വെന്‍റിലേറ്ററുകളും സജ്ജമാണെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിൽ 71 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഒമിക്രോണിന്‍റെ വ്യാപനഘട്ടത്തിൽ മുന്നണിപ്പോരാളികൾക്ക് കൂടുതൽ കൊവിഡ് ബാധയുണ്ടാകുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസുകാർ അടക്കമുള്ളവർക്ക് കൂടുതൽ രോഗബാധയുണ്ടാകുന്നു. ജനുവരിയിൽ ഇത് വരെ മാത്രം 1508 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യപ്രവർത്തകർ ഉടൻ ബൂസ്റ്റർ ഡോസ് എടുക്കണം.

അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പൊതുജനം ഒഴിവാക്കണം. അടിയന്തരമല്ലാത്ത ഡോക്ടർ സന്ദർശനം ഒഴിവാക്കി പകരം ടെലിമെഡിസിൻ വഴി ചികിത്സ തേടാം. ഹോം കെയർ കൊവിഡ് വ്യാപനഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനിയടക്കമുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. അങ്ങനെ ഉള്ളവർ പൊതുസമൂഹത്തിലേക്ക് ഇറങ്ങരുത്. വീടുകളിൽ ഐസൊലേഷൻ ഉറപ്പാക്കണം. പ്രായമുള്ളവരും ഗുരുതരരോഗികളും വളരെ ശ്രദ്ധിക്കണം. വ്യക്തികളിൽ വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ പല തരത്തിലാണ്. മൂന്നാഴ്ച കൊണ്ട് ഒമിക്രോൺ കേസുകളിൽ കുത്തനെയാണ് വർദ്ധനയുണ്ടായത്. രണ്ടാം തരംഗത്തേക്കാൾ പ്രതിദിന കേസുകൾ ഉണ്ടാകും എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.

സംസ്ഥാനത്ത് ആവശ്യത്തിന് മരുന്ന് ലഭ്യത ഉണ്ടെന്നും, മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണെന്നും വീണാ ജോർജ് പറയുന്നു. സ്വകാര്യമരുന്ന് കമ്പനികളുടെ സമ്മർദ്ദമാണോ ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും വീണാ ജോർജ്.

രോഗബാധ അതിന്‍റെ ഏറ്റവും ഉന്നതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളിൽ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്‍റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോൺ വ്യാപനമുണ്ടായതെന്ന് വീണാ ജോർജ് പറയുന്നു. അതിനാൽ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളിൽ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തിൽത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു.

You might also like

-