മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് ,എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

മരമുറിയുമായി ബന്ധപ്പെട്ട ജല വിഭവ വകുപ്പ് വിളിച്ചു ചേർത്ത യോഗം വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിഞ്ഞിരുന്നോ എന്നകാര്യം പരിശോധിക്കപ്പെടണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടതായാണ് വിവരം

0

തിരുവനന്തപുരം | മുല്ലപ്പെരിയാറിൽ ബേബി ഡാം നിർമ്മാണവുമായി ബന്ധപെട്ടു താനറിയാതെ മരമുറിക്ക് അനുമതി നൽകിയ സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു . രണ്ടു സംസ്ഥാനങ്ങൾ അതമ്മിലുള്ള പ്രശ്നങ്ങളിൽ പോലും ഉദ്യോഗസ്ഥർ മന്ത്രി അറിയാതെ തീരുമാനം കൈകൊള്ളുന്നതിൽ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ആശങ്ക പങ്കുവച്ചതായാണ് വിവരം. മരമുറിയുമായി ബന്ധപ്പെട്ട ജല വിഭവ വകുപ്പ് വിളിച്ചു ചേർത്ത യോഗം വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിഞ്ഞിരുന്നോ എന്നകാര്യം പരിശോധിക്കപ്പെടണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടതായാണ് വിവരം .നിർണായക അവസരങ്ങളിൽ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നതിലെ അത്യപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു.

വിവാദ ഉത്തരവ് ഇറക്കിയതിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടിയുണ്ടാവും. ഇന്നലെ നിയമസഭയിൽ വെച്ചാണ് മുഖ്യമന്ത്രിയുമായി വനംമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ തീരുമാനം വേണ്ട വിഷയത്തിൽ താനറിയാതെ ഉത്തരവുകൾ ഇറങ്ങുന്നത് ഇതാദ്യമല്ലെന്ന പരിഭവം മന്ത്രി മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മുട്ടിൽ മരം മുറി വിവാദത്തിൽ ഡി.എഫ്.ഒ ധനേഷ് കുമാറിന്റെ സ്ഥലം മാറ്റം, റേഞ്ചർ മാർക്കെതിരായ നടപടി എന്നിവ പിന്നീട് മന്ത്രി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴത്തേതും. അതിനാൽ കർശന നടപടി വേണമെന്ന നിലപാടിലാണ് വനം മന്ത്രി.

വനം-ജലവിഭവ സെക്രട്ടറിമാരുടെ വിശദീകരണം ഉടൻതന്നെ സർക്കാരിന് ലഭിക്കും. വിശദീകരണം സർക്കാർ പരിശോധിക്കും. ഒപ്പം സുപ്രീംകോടതി വിധികളുമായി ബന്ധപ്പെട്ട നിയമവശം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പ്രത്യേകം വിലയിരുത്തും. അതിനുശേഷം ചീഫ് സെക്രട്ടറി തല പരിശോധനാ നടപടികൾ കൂടി പൂർത്തിയാക്കിയാലേ ഐ.എഫ്.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയൂ. അതിനാൽ തിരക്കിട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവില്ല. വിവാദ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്. ഉന്നതതല നിർദേശമില്ലാത്ത അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനെ പോലുള്ള ഉദ്യോഗസ്ഥൻ മുല്ലപ്പെരിയാർ വിഷയത്തിൽ യോഗം വിളിക്കുമോയെന്ന ചോദ്യമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു

You might also like

-