കൊക്കയാർ ദുരന്തം :  എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തി: റവന്യൂ മന്ത്രി കെ. രാജൻ

പീരുമേട് താലൂക്കിൽ മാത്രമായി 16 ക്യാമ്പുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ദുരന്തം നേരിട്ട കൊക്കയാറിൽ ആണ്. ക്യാമ്പുകളിൽ എല്ലാം വേണ്ട അടിയന്തര സൗകര്യങ്ങൾ ഒരുക്കുന്നതിന് റവന്യൂ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു

0

 ഇടുക്കി /പീരുമേട് :കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തഭൂമി സന്ദർശിച്ച് ഉന്നതതലയോഗം ചേർന്നതിനു ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാഴൂർ സോമൻ എംഎൽഎ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി രക്ഷാപ്രവർത്തന കാര്യങ്ങൾ അവലോകനം ചെയ്തതിനുശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എല്ലാ സർക്കാർ വിഭാഗങ്ങളും ഒത്തൊരുമിച്ച് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ വളരെ ശ്രദ്ധേയമായ രക്ഷാപ്രവർത്തനം ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

പീരുമേട് താലൂക്കിൽ മാത്രമായി 16 ക്യാമ്പുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ദുരന്തം നേരിട്ട കൊക്കയാറിൽ ആണ്. ക്യാമ്പുകളിൽ എല്ലാം വേണ്ട അടിയന്തര സൗകര്യങ്ങൾ ഒരുക്കുന്നതിന് റവന്യൂ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  ജീവനക്കാരെയും ആവശ്യമായ മരുന്നുകളും ആന്റിജൻ പരിശോധന , പിപിഇ  കിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ സാഹചര്യം നിലനിൽക്കുന്നതിനാൽ ലഭിച്ച മൃതദേഹങ്ങൾ ഉടൻ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകാൻ ചർച്ചചെയ്ത് തീരുമാനിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാൽ മൃതദേഹങ്ങൾ കൊണ്ടുപോകുവാൻ ആകാത്ത ബന്ധുക്കൾക്ക്  മോർച്ചറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിവിധ താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജിലുമായിട്ടാണ് ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുളളത് . മരിച്ചവരുടെ കുടുംബത്തിന് ശവസംസ്കാര ചടങ്ങുകൾക്കു മറ്റുമായി ആദ്യമായി ഉള്ള പ്രാഥമിക സഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും  മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ എസ് ഡി ആർ എഫ് ന്റെ എക്സ് ഗ്രേഷ്യ ഫണ്ടിൽനിന്നും അതാതു ജില്ലകളിൽ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

സംഭവ സ്ഥലത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വാഴൂർ സോമൻ എംഎൽഎ, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എഡിഎം ഷൈജു പി ജേക്കബ്, എൻഎച്ച് എം ഡിപിഎം ഡോ സുജിത് സുകുമാരൻ, തുടങ്ങി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും ജനപ്രതിനിധികളും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.

You might also like

-