പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിറോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു

ഇരുഹരജികളും ജസ്റ്റിസ് വിനീത് ശരൻ അധ്യക്ഷനായ ബഞ്ച് നാളെ പരിഗണിക്കും

0

ഡൽഹി :കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. വടക്കുംചേരിയുമായുള്ള വിവാഹത്തിന് അനുമതി തേടി ഇരയായ പെണ്‍കുട്ടിയും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഇരുഹരജികളും ജസ്റ്റിസ് വിനീത് ശരൻ അധ്യക്ഷനായ ബഞ്ച് നാളെ പരിഗണിക്കും. പീഡനത്തെ അതിജീവിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും ഇതിന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ വിവാഹം കഴിക്കാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കേരള ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് റോബിൻ വടക്കുംചേരി അപ്പീല്‍ ഹരജി നൽകിയിരിക്കുന്നത്.

ഹൈകോടതി വിധിയിലെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്ത് പെൺകുട്ടി നൽകിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. വിവാഹം കഴിക്കാൻ സന്നദ്ധമാണെന്ന് പെൺകുട്ടിയും കോടതിയിൽ നൽകിയ ഹരജിയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ രണ്ടംഗ അവധിക്കാല ബഞ്ച് ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി മാറ്റിവെച്ചിരുന്നു. ജസ്റ്റിസ് വിനീത് ശരൻ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഇരുവരുടെയും ഹരജികൾ നാളെ പരിഗണിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിൻ വടക്കുംചേരിയെ ഇരുപത് വര്‍ഷത്തെ കഠിന തടവിന് വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി നേരത്തെ തള്ളിയ സുപ്രീംകോടതി ഗുരുതരമായ ആരോപണങ്ങളാണ് റോബിനെതിരെയുള്ളതെന്ന് നിരീക്ഷിച്ചിരുന്നു.

You might also like

-