സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വാക്‌സിൻ ഇറക്കുമതി ചെയ്യാം

ഇറക്കുമതി ചെയ്യുന്നവരോ വാക്സിൻ നിർമാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസൻസ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതോടെ, ഇന്ത്യല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ലോകോത്തര ബ്രാന്‍ഡുകളായ ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ മരുന്നുകളും രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ സാധിക്കും.

0

ഡൽഹി :രോഗപകർച്ചയും വാക്‌സിൻ ക്ഷമവും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം, രാജ്യത്ത് അംഗീകാരമുള്ള ഏത് വാക്‌സിനും ലൈസന്‍സ് ലഭിക്കുന്ന പക്ഷം ഇറക്കുമതി ചെയ്യാം.

കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനിടെ രാജ്യത്തെ വാക്സിന്‍ നിര്‍മാണം പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ അയവ് വരുത്തുകയായിരുന്നു ഇന്ത്യയിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത വാക്സിനാണ് ഇറക്കുമതി ചെയ്യുന്നത് എങ്കില്‍, ഇറക്കുമതി ചെയ്യുന്നവരോ വാക്സിൻ നിർമാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസൻസ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതോടെ, ഇന്ത്യല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ലോകോത്തര ബ്രാന്‍ഡുകളായ ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ മരുന്നുകളും രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ സാധിക്കും.

മരുന്ന് ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്ന കമ്പനിക്ക് ഇറക്കുമതി ലൈസന്‍സ് ലഭ്യമല്ലാത്ത പക്ഷം, സി.ഡി.എസ്.സി.ഒയില്‍ നിന്നും ‘ന്യൂ ഡ്രഗ് പെര്‍മിഷന്‍’ വാങ്ങിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി കുതിച്ചുയരുന്ന ഘട്ടത്തിലും ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത പശ്ചാതലത്തിലാണ് കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നേരിട്ടുള്ള ഇറക്കുമതിക്ക് അനുമതി നല്‍കിയത്.

അതേസമയം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്‍റെ 50,000 കുപ്പികള്‍ കൂടി ഉടൻ ഇന്ത്യയിലെത്തും. യുഎസ് മരുന്നു നിർമാതാക്കളായ ഗിലീഡ് സയൻസാണ് അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ മരുന്നുകൾ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കോവിഡിനെതിരായ ഇൻജെക്ഷനു വേണ്ടി റെംഡെസിവിർ മരുന്നാണ് ഇന്ത്യയിൽ കാര്യമായി ഉപയോഗിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് 1,50,000 ഡോസ് മരുന്ന് മുംബൈയിലെത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ അടുത്ത ഘട്ടവും ഇന്ത്യയിലെത്തുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

You might also like

-