നഗരത്തിലേക്കുള്ള അഞ്ചുവഴികളും അടച്ചു കർഷകർ ഡൽഹിവളയും

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

0

ഡൽഹി :കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. തുറന്ന ജയിലായ ബുരാരി ഗ്രൗണ്ടിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങള്‍ അടയ്ക്കും’ ബികെയു ക്രാന്തികാരി പഞ്ചാബ് നേതാവ് സുരേഷ് എസ് ഫോല്‍ പറഞ്ഞു. ട്രാക്ടറുകള്‍ ഞങ്ങള്‍ക്കു താമസിക്കാനുള്ള ചെറിയ മുറികളാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സര്‍ജീത് സിങ് ഫൂല്‍ പറഞ്ഞു.

ഞങ്ങളുടെ വഴി തടയുന്നതിനായി റോഡുകളില്‍ കിടങ്ങുകള്‍ കുഴിക്കുകയാണ് മനോഹര്‍ലാല്‍ ഖട്ടറുടെ നേതൃത്വത്തിലുള്ള ഹരിയാണ സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഞങ്ങള്‍ക്കു മുന്നില്‍ ഉപാധികള്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും, അത് കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും എ.എ.പി ആയാലും തങ്ങളുടെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റു സംഘടനകളെ അതിന് അനുവദിക്കും, നേതാക്കള്‍ പറഞ്ഞു.

രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഇപ്പോഴും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. സിൻഘു ബോർഡറിലെ പ്രക്ഷോഭം ഒരു മാറ്റവുമില്ലാതെ തുടരുമെന്നും എത്രനാൾ സമരം ചെയ്യേണ്ടിവന്നാലും ഈ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നുമാണ് കിസാൻ കോർഡിനേഷൻ കമ്മിറ്റി പറഞ്ഞത്. ദേശീയപാതയിലെ സമരവും കർഷകർ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അതിക്രമത്തിൽ പരിക്കേറ്റ പ്രക്ഷോഭകാരികൾ ഇപ്പോഴും ചികിത്സയിലാണ്. നിരവധി ഭക്ഷണശാലകൾ സമരക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ തയ്യാറായിട്ടുണ്ട്. ഇത്തരം ഐക്യദാർഢ്യങ്ങൾ സമരക്കാർക്ക് കൂടുതൽ ആവേശം നൽകുകയാണ്

You might also like

-