തൊഴിയൂർ വെളിപ്പെടുത്തൽ: BJP- RSS പ്രവർത്തകരുടെ അഞ്ചുവർഷക്കാലത്തെ അസ്വാഭാവിക മരണങ്ങൾ അന്വേഷിക്കുന്നു

1992- 97 കാലത്ത് നടന്ന അപകട- ദുരൂഹമരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകട മരണങ്ങള്‍ എന്നു കരുതിയിരുന്നവയില്‍ ഭീകരവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയയുടെ പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്

0

തൃശൂർ: കേരളത്തിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 1992- 97 കാലത്ത് നടന്ന അപകട- ദുരൂഹമരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകട മരണങ്ങള്‍ എന്നു കരുതിയിരുന്നവയില്‍ ഭീകരവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയയുടെ പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായ സുനിലിന്റെ കൊലപാതക കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

ഇക്കാലത്ത് നടന്ന അപകട മരണങ്ങളുടെ പിന്നിൽ ജം ഇയത്തുൽ ഹിസാനിയയുടെ പങ്കുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. 1992 ല്‍ തൃശൂരിൽ രൂപം കൊണ്ട ഭീകരവാദ സംഘടനയാണ് ജം ഇയത്തുല്‍ ഹിസാനിയ. 1997 ല്‍ ഈ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അന്‍വരി ദുബായിലേയ്ക്ക് കടന്നിരുന്നു. അക്കാലത്ത് ഒട്ടനവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. 1996 ആഗസ്റ്റില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയത്തുല്‍ ഹിസാനിയയുടെ പങ്ക് പുറത്ത് വന്നത്. ഇതോടെ ഇതില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ പലരും ഒളിവില്‍ പോവുകയും വിദേശത്തേയ്ക്ക് കടക്കുകയുമായിരുന്നു.

കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയതെന്ന് പിന്നീട് തെളിഞ്ഞു. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി ജംഇയ്യത്തുല്‍ ഇസ്ഹാനിയയിലെ മൊയ്‌നുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1994 ല്‍ നടന്ന കൊലപാതകത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ പ്രതി പിടിയിലാവുന്നത്. പ്രതികളെ ചോദ്യം ചെയ്തതോടെ 1995 ആഗസ്റ്റ് എട്ടിന് പാലൂർ അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായിരുന്ന ബിജെപി നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഈ സംഘടനയിലെ അംഗങ്ങളാണെന്ന് വ്യക്തമായി. ഇതോടെയാണ് അഞ്ചുവർഷക്കാലത്തെ അസ്വാഭാവിക മരണങ്ങളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

You might also like

-