തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണത്തില്‍ ‍ മുന്‍പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു.

കേരളത്തിന്‍റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നതായും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

0

ദില്ലി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണത്തില്‍ ‍ നിന്ന് കേന്ദ്രം പിന്നോട്ടില്ല. നടപടിക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യമേഖലയിലാണെന്ന മന്ത്രിയുടെ വാദത്തെ രാജ്യസഭയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചോദ്യം ചെയ്തു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. ലേല നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിലവില്‍ ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ല.

വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കും. കേരളത്തിന്‍റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നതായും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

സ്വകാര്യവത്ക്കരണത്തെ എന്തിനാണ് കേരളം എതിര്‍ക്കുന്നതെന്നും, 99ല്‍ കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ചതല്ലേയെന്നും മന്ത്രി ചോദിച്ചു. ഇതോടെ കോണ്‍ഗ്രസും ഇടത്പക്ഷവും ബഹളം വച്ചു. തിരുവന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണ നീക്കത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എംപിമാരും കേന്ദ്രത്തിന് നിവേദനം നല്‍കി. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.

You might also like

-