ബീഹാറിലെ മസ്തിഷ്ക ജ്വരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യപിക്കുന്നു സ്ഥി അതീവഗുരുതരം മരണസംഖ്യ 200 കവിഞ്ഞു

സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴുകുട്ടികളില്‍ മൂന്നുപേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു. സംഗ്രാമിക രോഗം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 200 കവിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്

0

പാട്ന: ബീഹാറിലെ മുസാഫർപൂരിനും ഗയ്ക്കും പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നു. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴുകുട്ടികളില്‍ മൂന്നുപേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു. സംഗ്രാമിക രോഗം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 200 കവിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്

ബങ്കയിലെ കട്ടോരിയ ഗ്രാമത്തില്‍ രണ്ട് വയസ്സുള്ള കുട്ടി മരിച്ചതോടെ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. മുസഫര്‍പൂരിനോട് ചേര്‍ന്ന് നില്‍ക്കുന്ന റാഞ്ചിയിലും ജില്ലാ ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 128 കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം നൂറിലേറെ കുട്ടികളാണ് മരിച്ചത്. രണ്ട് ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

ഇതിനിടെ, രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ പ്രദേശങ്ങളിൽ മെഡിക്കൽ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിക്കുന്നതും പോഷകാഹാരക്കുറവുമാണ് നില വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തിരിച്ചടിയായി. കുട്ടികൾ മരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ല.

മസ്തിഷ്കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങള്‍ കഴിച്ചതായി ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ലിച്ചിപ്പഴങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചത്

You might also like

-