വാറന്റുമായി എത്തിയ പോലീസിനെ വെടിവെച്ചുവീഴ്ത്തിയ 19 കാരി അറസ്റ്റില്‍

0

ചിക്കാഗൊ: വാറണ്ടുമായി എത്തിയ പോലീസ് ഓഫീസറെ വെടിവെച്ച കേസ്സില്‍ പത്തൊമ്പതുകാരി എമിലി പെട്രോ നെല്ലറയെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ജയിലിലടയ്ക്കാന്‍ ചിക്കാഗൊ ജഡ്ജ് മാര്‍ച്ച് 10 ഞായറാഴ്ച ഉത്തരവിട്ടു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. എമിലി താമസിച്ചിരുന്ന വീടിനു പുറകിലുള്ള വാതില്‍ മുട്ടുകേട്ടായിരുന്നു എമിലി ഉണര്‍ന്നതും ഉടനെ തോക്കെടുത്ത വാതിലിനിടയിലൂടെ വെടിവെക്കുകയായിരുന്നു. വെടിയുണ്ട തറച്ചത് ഓഫീസറുടെ തോളിലായിരുന്നു. ഉടനെ ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാ എന്നാണ് അധികൃതര്‍ അറിയിച്ചത്.

ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ എമിലിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി, തന്റെ കക്ഷി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും വീടിനു പുറകുവശത്തെ വാതിലില്‍ മുട്ടുകേട്ടു പോലീസാണെന്ന് അറിയാതെ സ്വരക്ഷക്കു വേണ്ടി വെടിവെച്ചതാണെന്നും വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.

പോലീസിനെ ആക്രമിച്ചതിനും, തോക്ക് കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തു. തുടര്‍ന്ന് വീടു പരിശോധിച്ച പോലീസ് മയക്കുമരുന്നും, നിരവധി ഡോളര്‍ കെട്ടുകളും പിടിച്ചെടുത്തു.ബോണ്ടു വയലേഷനായിരുന്നു ഇവര്‍ക്കെതിരെ വാറണ്ടു പുറപ്പെടുവിച്ചിരുന്നത്.