അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
കൊച്ചി| അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്.
ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്ഐടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിച്ചത്.
അതേസമയം റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ വിശദീകരണവുമായി ഡിജിപി, റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവരികയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം സംബന്ധിച്ച ആരോപണത്തിലെ കേസിലും എക്സൈസ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്യണോയെന്ന് എസ്ഐടി തീരുമാനിക്കുമെന്നും കള്ളപ്പണ ഇടപാട് നടന്നോയെന്നത് സംബന്ധിച്ച കാര്യങ്ങൾ രേഖകൾ പരിശോധിച്ച ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, റിപ്പോർട്ടർ ചാനലിലെ പരിശോധന വാർത്താ സംപ്രേഷണത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും ഫോൺ മാറ്റിവയ്ക്കുന്നത് സാധാരണ നടപടിയാണെന്നും ഡിജിപി വിശദീകരിച്ചു.
അതേസമയം വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ’, ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.