അമേരിക്കക്ക് മറുപടി ,റഷ്യയ്ക്ക് പുതിയ ഭൂഖണ്ഡാന്തര മിസൈലുകള്‍

0

മോസ്‌കോ: അമേരിക്കയുടെ പുതിയ തലമുറ സൈനികോപകരണങ്ങള്‍ക്ക് മറുപടിയുമായി റഷ്യ. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് പുതിയ ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വിവരം പുറത്തുവിട്ടത്. കഴിഞ്ഞമാസം പെന്റഗണ്‍ പുതിയ ആണവായുധ നയം പുറത്തുവിട്ടതിന് മറുപടിയാണ് റഷ്യ നല്‍കിയിരിക്കുന്നത്.
റഷ്യയുടെ സൈനികശക്തിയില്‍ നിര്‍ണായകമാകുന്നവയാണ് പുതിയ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെന്ന് പുടിന്‍ രാജ്യത്തെ അറിയിച്ചു. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈല്‍, അന്തര്‍വാഹിനി ഡ്രോണ്‍ എന്നിവകളും ഹൈപ്പര്‍സോണിക് മിസൈലുകളുമാണിവ. നിലവിലെ മിസൈല്‍വേധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കരുത്ത് ഇവയ്ക്കുണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു.
പുതിയ ആയുധങ്ങള്‍ ലോകത്തിന്റെ നാശത്തിന് വേണ്ടിയല്ലെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുവാന്‍ ഇത് ഉതകുമെന്നും പുടിന്‍ പറഞ്ഞു. പുതിയ ആയുധങ്ങളുടെ വീഡിയോ ദൃശ്യങ്ങളും റഷ്യന്‍ പ്രസിഡന്റ് പുറത്തുവിട്ടു.
15 വര്‍ഷമായി ആയുധമത്സരത്തിന് പ്രേരിപ്പിക്കുന്ന യുഎസിനും സഖ്യകക്ഷികള്‍ക്കുമുള്ള മറുപടിയെന്നാണ് പുടിന്‍ പുതിയ മിസൈലുകളെ വിശേഷിപ്പിച്ചത്. 1972ലെ മിസൈല്‍ കരാറില്‍ നിന്നും പിന്മാറിയ അമേരിക്കയാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 18ന് റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് പദത്തിലേക്ക് പുടിന്‍ അനായാസജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ അന്തര്‍വാഹിനി ഡ്രോണുകള്‍ക്ക് ആണവപോര്‍മുന സമുദ്രത്തിനടിയില്‍ നിന്നുകൊണ്ട് യുദ്ധവിമാനങ്ങളെയും കരയിലെ പ്രധാനകേന്ദ്രങ്ങളെയും ലക്ഷ്യംവയ്ക്കാനാകും. ഇവയുടെ വേഗതയും സമുദ്രത്തിനടിയില്‍നിന്നുള്ള പ്രവര്‍ത്തനവും എതിരാളികള്‍ക്ക് കടുത്ത നാശംവിതയ്ക്കുമെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.
സാര്‍മത് ബാലിസ്റ്റിക് മിസൈലുകളുടെ പുതിയ രൂപമാണ് തയ്യാറായിരിക്കുന്നത്. സോവിയറ്റ് കാലത്ത് പടിഞ്ഞാറിന്റെ ചെകുത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നവയാണ് ഇവ. പുതിയ മിസൈലുകള്‍ക്ക് 15 പോര്‍മുനകളുമായി 6800 മൈല്‍ സഞ്ചരിക്കാന്‍ കഴിയും. ഒരു ലേസര്‍ ആയുധത്തിന്റെ പരീക്ഷണവും വിജയത്തിലാണെന്ന് പുടിന്‍ പറഞ്ഞു.
പുതിയ മിസൈലുകള്‍ക്കും അന്തര്‍വാഹിനി ഡ്രോണുകള്‍ക്കും പേരുകള്‍ നിശ്ചയിട്ടില്ലെന്നും ഇതിനുവേണ്ടി പ്രതിരോധമന്ത്രാലയം ദേശീയടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. നേരത്തെ പെന്റഗണ്‍ പുറത്തുവിട്ട ആയുധ നയത്തില്‍ അന്തര്‍വാഹിനികളില്‍ നിന്നും തൊടുക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഉണ്ടായിരുന്നത്.
ഡ്യൂമ, ഫെഡറേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍, ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ അഴിമതിക്കെതിരായ പോരാട്ടവും ആഭ്യന്തരപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമെല്ലാം പുടിന്‍ പരാമര്‍ശിച്ചു.

You might also like

-