വല ചലിപ്പിക്കാൻ ഫുടബോൾ വിപ്ലവത്തിന് ഇന്ന്തുടക്കം …. ; ലോകകപ്പ് ഫുട്ബോളിനു കിക്കോഫ്
നീലയും ചുവപ്പും വെള്ളയും ഇടകലർന്ന റഷ്യയുടെ ത്രിവർണ പതാകയുടെ കീഴിൽ മുപ്പത്തിയൊന്നു ദിനരാത്രങ്ങളിൽ ഫുട്ബോൾ വസന്തം നിറയും
മോസ്കോ: ലോകം വിപ്ലവഭൂമിയിലേക്ക് ചേക്കേറി , റഷ്യയാകട്ടെ ലോക തലസ്ഥാനവുമായി. ഇനിയുള്ള ദിനങ്ങൾ ടെൽസ്റ്റാർ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് രാജ്യങ്ങളും, 736 കളിക്കാരും വോൾഗാ നദിയുടെ തരംഗമാലകളിൽ ലയിക്കും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തിൽ 21-ാം എഡിഷൻ ഫിഫ ലോകകപ്പ് ഫുട്ബോളിനു കിക്കോഫ്.
നീലയും ചുവപ്പും വെള്ളയും ഇടകലർന്ന റഷ്യയുടെ ത്രിവർണ പതാകയുടെ കീഴിൽ മുപ്പത്തിയൊന്നു ദിനരാത്രങ്ങളിൽ ഫുട്ബോൾ വസന്തം നിറയും. ചരിത്രത്തിൽ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അത്യാധുനിക ശിൽപചാരുതയോടെയും സാങ്കേതികത്തികവിലും നിർമിച്ച ലുഷ്നികി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 15ന് ഇവിടെത്തന്നെ കൊടിയിറങ്ങുന്ന ലോകകപ്പ് പൊടിപൂരത്തിന്റെ വിശേഷത്തിനായി ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നു. ഇന്ത്യൻ സമയം വൈകുന്നേരം ആറുമുപ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്.
ലുഷ്നികി സ്റ്റേഡിയ കവാടത്തിൽ ഉയർത്തിയിരിക്കുന്ന ലെനിൻ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു. റഷ്യൻ നഗരങ്ങളും തെരുവോരങ്ങളും രാജ്യത്തലവ·ാരെയും, താരങ്ങളെയും, ഒഫീഷലുകളെയും, ആരാധകരെയുമെല്ലാം സ്വീകരിക്കാനും നേരിൽക്കാണാനും വെന്പിനിൽക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.
ആധുനികതയുടെ പുതുചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തിൽ രാജ്യത്തെ 11 പ്രധാന നഗരങ്ങളിൽ 12 കൂറ്റൻ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരാധകർക്ക് ഗാലറിക്കു പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാൻ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റൻ ടെലിവിഷൻ സ്ക്രീനുകൾ സജ്ജമായിക്കഴിഞ്ഞു. ഫുട്ബോൾ തെമ്മാടിക്കൂട്ടങ്ങളെ (ഹൂളിഗൻസ്) അടക്കി നിർത്താൻ പോലീസും, ആയുധധാരികളായ പട്ടാളവും സദാ ജാഗ്രതയിലാണ്.