കഞ്ചിക്കോട്ട് റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം

2012 ലാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്

0

പാലക്കാട്: കഞ്ചിക്കോട്ട് റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം. പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യകത റെയില്‍വെക്കില്ലെന്നും മെയിന്‍ ലൈന്‍ കോച്ചുകളുടെ നിര്‍മ്മാണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എം.ബി. രാജേഷ് എം.പിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. 2008-2009 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കോച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം റെയില്‍വേ മന്ത്രാലയം തത്കാലം തുടങ്ങുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.2012- 13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു.എന്നാല്‍ നിലവിലുള്ള പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് വഴി സമീപ ഭാവിയിലേക്കുള്ള മെയിന്‍ ലൈന്‍ കോച്ചുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അതുകൊണ്ട് പാലക്കാട് കോച്ച് ഫാട്കറി തുടങ്ങുന്നില്ലെന്നുമാണ് റെയില്‍വേ മന്ത്രാലയം രേഖാമൂലം എംബി രാജേഷ് എംപിയെ അറിയിച്ചിരിക്കുന്നത്.2012 ലാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അന്ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്ത് നല്‍കിയിട്ടുമുണ്ട്.പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍. താല്പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തത് ഒളിച്ചുകളിയാണെന്നുള്ള ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കൊച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു

You might also like

-