സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് മുന്നറിയിപ്പ്

5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റും ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റും രൂപപ്പെട്ടത് മൺസൂൺ നേരത്തെയെത്താൻ കാരണമായെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നാളെയോടെ കാലവർഷം കേരളത്തിലെത്തും. വേനൽ കനത്തതും മഴ കുറഞ്ഞതും മൂലം ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാണ് മഴയെത്താറ്. എന്നാൽ ഇത്തവണ മാറ്റമുണ്ടായെന്നാണ് വിലയിരുത്തൽ. 2019 ലേതിനു സമാനമായ മഴ ഇത്തവണയും ജൂൺ അവസാനവും ജൂലൈയിലുമായി ലഭിച്ചേക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

കാലവർഷ മുന്നറിയിപ്പിന്റെ ഭാഗമായി തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റും 3.8 മീറ്റർ വരെ ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്നും നാളെയും അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കാലവർഷം എത്തുന്നതിന് മുൻപേ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്യുന്നത് ജലനിരപ്പ് ഉയരാൻ കാരണമായി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കാനാണ് നിർദേശം.

You might also like

-