മയക്കുമരുന്ന് ഉപയോഗിച്ച മാതാവിന്റെ മുലപ്പാൽ കുടിച്ച ശിശു മരിച്ചു
അമേരിക്ക /പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ മാരകവിഷാംശം ഉള്ളില്‍ ചെന്ന പതിനൊന്നു ആഴ്ച പ്രായമുള്ള ആണ്‍കുഞ്ഞു മരിച്ച കേസ്സില്‍ മാതാവിനെ അറസ്റ്റുചെയ്തു കേസ്സെടുത്തു.
പെന്‍സില്‍വാനിയ ബക്ക്‌സു കൗണ്ടിയില്‍ ഏപ്രില്‍ 2ന് നടന്ന സംഭവത്തില്‍ ജൂലായ് 14 വെള്ളിയാഴ്ചയാണ് മാതാവു അറസ്റ്റിലായത്. ഒട്ടോപ്‌സി റിപ്പോര്‍ട്ടില്‍ മെത്തഡന്‍, ആംപിറ്റാമിന്‍, മെത്താംപിറ്റാമിന്‍ എന്നീ മാരകമായ മരുന്നുകളുടെ മിശ്രിതം വിഷാംശമായി മുലപ്പാലിലൂടെ കുഞ്ഞിന്റെ വയറിനകത്തേക്കു പ്രവേശിച്ചതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.
സംഭവദിവസം വൈകീട്ടു 7.40 ന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രസവത്തെ തുടര്‍ന്ന് വേദന സംഹാരികള്‍ കഴിച്ചിരുന്നതിനാല്‍ കുട്ടിക്കു നല്‍കിയിരുന്നത് പ്രത്യേക ഫോര്‍മുലയായിരുന്നുവെന്നും, സംഭവദിവസം വളരെ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഫോര്‍മുല തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നും, മുലപ്പാല്‍ നല്‍കിയെന്നുമാണ് മാതാവു മൊഴി നല്‍കിയതെന്ന് ടൗണ്‍ഷിപ്പു പോലീസ് പറഞ്ഞു.
മാതാവായ സമാന്‍ന്ത വിറ്റ്‌നി (30) യെ കോടതിയില്‍ ഹാജരാക്കി. നരഹത്യക്കു കേസ്സെടുത്ത ഇവര്‍ക്ക് 3 മില്ല്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു. 2 വയസ്സുള്ള കുട്ടിയെ പിതാവിനെ ഏല്‍പ്പിച്ചു. 18 വയസ്സിനു താഴെയുള്ള കുട്ടികളുമായി ബന്ധപ്പെടുന്നതു കോടതി കര്‍ശനമായി വിലക്കിയിട്ടുണ്ട്.