എസ്പിനോസ ഗാർസെസ് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റാകും.
ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്ലോറസ് ഫ്ലേക്കിനെയാണ് 54 വയസുകാരിയായ ഗാർസെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകൾക്കാണ് ഗാർസെസ് തെരഞ്ഞെടുക്കപ്പെട്ടത്
യുണൈറ്റഡ് നേഷൻസ്: ഇക്വഡോർ മുൻ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാർസെസ് അടുത്ത യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റാകും. 193 അംഗ ജനറൽ അസംബ്ലി ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. യുഎന്നിന്റെ 73 വർഷത്തെ ചരിത്രത്തിൽ ജനറൽ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാർസെസ്.
ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്ലോറസ് ഫ്ലേക്കിനെയാണ് 54 വയസുകാരിയായ ഗാർസെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകൾക്കാണ് ഗാർസെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ ബഹ്റിന്റെ ഷീക്ക ഹയാ റാഷദ് അൽ ഖലിഫ പ്രസിഡന്റ് പദം അലങ്കരിച്ച ശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ് ഗാർസെസ്.
ഇപ്പോഴത്തെ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറിൽ സ്ഥാനമൊഴിയും. ഇതേത്തുടർന്നു ചുമതലയേൽക്കുന്ന ഗാർസെസിന് ഒരു വർഷത്തേക്കാണു നിയമനം.