ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ആക്രമണം നടത്തിയാൽ ഇറാനിലെ പാലമോ ഊർജനിലയമോ തകർക്കുമെന്ന് ട്രംപ്.
ഇറാനെതിരായ ആക്രമണം യുഎസ് അവസാനിപ്പിച്ചിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ ഇറാന് 20 വർഷത്തിലേറെ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
വാഷിങ്ടൺ| ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ഓരോ തവണയും ഇറാൻ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.’പിക്കാക്സ് മൗണ്ടൻ’ പ്രദേശത്ത് അമേരിക്ക വളരെ പെട്ടെന്ന് തന്നെ ശക്തമായ ആക്രമണം നടത്തും. അതിനെ തടയാൻ ഇറാന് ഒന്നും ചെയ്യാനാവില്ല. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം മുൻകൂട്ടി പറയാറില്ല. എതിരാളികൾക്ക് അത് തടയാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു’
ഇറാൻ ഈ കേന്ദ്രത്തിലേക്ക് ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനോടും ട്രംപ് പ്രതികരിച്ചിരുന്നു. ‘അതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ കൈവശമില്ല. എന്നാൽ ആണവ വസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. അതാണ് നിർണായകം’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധനം നിർമ്മിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സൗകര്യമെന്ന നിലയിലുള്ളതാണ് ഈ കേന്ദ്രമെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. റേഡിയോ അവതാരകനായ ഹ്യൂ ഹ്യൂയിറ്റിന് കഴിഞ്ഞ ആഴ്ച നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
മിസൈലോ റോക്കറ്റോ ഡ്രോണോ ഏത് രീതിയിലാണ് ആക്രമണമെന്നത് വിഷയമല്ല. ഇറാൻ ഓരോ തവണയും കപ്പലിന് നേരേ ആക്രമണം നടത്തുമ്പോൾ അതിന് പകരമായി ടെഹ്റാന് സമീപമുള്ള ഓരോ പാലമോ ഊർജനിലയമോ ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.ഇറാനെതിരായ ആക്രമണം യുഎസ് അവസാനിപ്പിച്ചിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ ഇറാന് 20 വർഷത്തിലേറെ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനെതിരേ ട്രംപ് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്.