കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് സ്ട്രോങ് റൂമിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് സമരം
ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി.
കൊൽക്കത്ത| പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ നാടകീയ രംഗങ്ങൾ. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സ്ട്രോങ് റൂമിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മുന്നറിയിപ്പില്ലാതെയാണ് സ്ട്രോങ് റൂം തുറന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും സ്ഥലത്തെത്തിയിട്ടുണ്ട്.
നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. സ്ട്രോങ് റൂം തുറക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും. ഇവിഎമ്മിന് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത മമത എക്സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു.
നേരത്തെ നടത്തിയ പ്രവചനങ്ങൾ എന്തായി എന്നായിരുന്നു മമതയുടെ ചോദ്യം. ഭവാനിപൂരിലെ കൗണ്ടിംഗ് സെൻ്ററിൽ പരിശോധന നടത്തിയതിന് ശേഷം ഒരുമണിയോടെയാണ് മമത മാധ്യമങ്ങളോട് സംസാരിച്ചത്. ബംഗാളിൽ അർധരാത്രിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. പ്രതിഷേധത്തിന് ശേഷം മടങ്ങിയ മമതെ ബിജെപി പ്രവർത്തകർ തടഞ്ഞത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.