ശബരിമല സ്ത്രീപ്രവേശനം; ചര്‍ച്ച പരാജയം; രാജകുടുംബവും ഹിന്ദു സംഘടനകളും ഇറങ്ങിപ്പോയി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികളുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുകയായിരുന്നു.

0

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികളുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുകയായിരുന്നു.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍രജി നടത്തണമെന്നുള്ള ഇവരുടെ ആവശ്യം ദേവസ്വംബോര്‍ഡ് തള്ളി. നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍രജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

1991 ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന വാദം ദേവസ്വംബോര്‍ഡ് തള്ളി. ബോര്‍ഡിന്‍റെ നിലപാട് ദുഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ സമരം ചെയ്യുന്ന സംഘടനകള്‍ ഒപ്പം നില്‍ക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞു. പുനപരിശോധന ഹര്‍ജിയെക്കുറിച്ചുള്ള തീരുമാനം 19 ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും പന്തളം കുടുംബവും തന്ത്രി കുടുംബവും ഇതിന് തയ്യാറായില്ലെന്നും ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും എ.പദ്മകുമാര്‍ പറഞ്ഞു. എന്നാല്‍ ഇനിയും പന്തളും കുടുംബവുമായും മറ്റ് സംഘടനകളുമായും ദേവസ്വം ബോര്‍ഡ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും 19 ന് ചേരുന്ന യോഗത്തില്‍ നിയമവശങ്ങള്‍ ആലോചിക്കാമെന്നും പദ്മകുമാര്‍ പറഞ്ഞു.

You might also like

-