മണ്ഡല മകര വിളക്ക് ശബരിമലയിൽ സുരക്ഷക്ഷക്ക് അയ്യായിരം പൊലീസുകാര്‍.. കേന്ദ്രസേനയും

0

തിരുവനന്തപുരം:മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി പോലീസ്. പ്രവേശനത്തിന് പാസ് മാതൃക ഏർപ്പെടുത്താനും,ഭക്തർക്ക് സന്നിധാനത്ത് തങ്ങുന്നതിന് സമയക്രമങ്ങൾ ഏർപ്പെടുത്താനും പോലീസിൽ ആലോചന. ഇന്ന് ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടയത്

നിലയ്ക്കലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കും നേരെ അക്രമം അ‍ഴിച്ച് വിട്ടവരെ പിടികൂടുന്നതിനായി എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം രൂപീകരിക്കാനാണ് ഇന്ന് ചേര്‍ന്ന പോലീസ് ഉന്നതതലയോഗം തീരുമാനിച്ചത്.
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് തിരുപതി മാതൃകയിൽ പാസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതിന് പിന്നാലെയാണ് സുരക്ഷ അവലോകനത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നത്. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പോലീസിനെ നല്കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കും. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കും. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഗണിച്ച് തീര്‍ത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തും. ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇവയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും

You might also like

-